---
title: "തലശേരി പുതിയ ബസ്സ്റ്റാൻഡിൽ മദ്യപിക്കുന്നതിനിടെ തർക്കം ; ചെമ്പിലോട് സ്വദേശിയായ മധ്യവയസ്കന്റെ കഴുത്ത് ബ്ലേഡ് വച്ച് അറുത്ത് കൊയിലാണ്ടി സ്വദേശി"
english_title: "A dispute occurred while drinking alcohol at the new bus stand in Thalassery; a middle-aged man from Chembilode was slashed with a blade by a Koyilandy native"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366389/A dispute occurred while drinking alcohol at the new bus stand in Thalassery; a middle-aged man from Chembilode was slashed with a blade by a Koyilandy native"
published_at: "2026-06-16T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3130dbef4d9_1001283032.jpg"
keywords: ["Thalassery", "Alcohol", "Blade", "Koyilandy", "Arrest"]
---

# തലശേരി പുതിയ ബസ്സ്റ്റാൻഡിൽ മദ്യപിക്കുന്നതിനിടെ തർക്കം ; ചെമ്പിലോട് സ്വദേശിയായ മധ്യവയസ്കന്റെ കഴുത്ത് ബ്ലേഡ് വച്ച് അറുത്ത് കൊയിലാണ്ടി സ്വദേശി

> **Lead Summary:** തലശേരി പുതിയ ബസ്സ്റ്റാൻഡിൽ മദ്യപിക്കുന്നതിനിടെ തർക്കം ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന്ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം നടന്നത്.ചെമ്പിലോട് സ്വദേശിയായ നാസർ എന്നയാൾക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

## Article Content

തലശേരി പുതിയ ബസ്സ്റ്റാൻഡിൽ മദ്യപിക്കുന്നതിനിടെ തർക്കം ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന്ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം നടന്നത്.ചെമ്പിലോട് സ്വദേശിയായ നാസർ എന്നയാൾക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് മദ്യം കഴിച്ചുകൊണ്ടിരിക്കെയുണ്ടായ വാക്കുതർക്കമാണ് പിന്നീട് അക്രമാസക്തമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. തർക്കത്തിനിടെ ഷാഹിദ് എന്ന യുവാവ് ബ്ലേഡ് ഉപയോഗിച്ച് നാസറിന്റെ കഴുത്തിൽ മാരകമായി ആക്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലത്തെത്തിയ പൊലീസ് ഉടൻ ഇടപെട്ട് പരിക്കേറ്റ നാസറിനെ തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ കഴുത്തിലേറ്റ മുറിവ് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാസറിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

സംഭവവുമായി ബന്ധപ്പെട്ട് ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന് പിന്നിലെ കൂടുതൽ സാഹചര്യങ്ങളും തർക്കത്തിന്റെ യഥാർത്ഥ കാരണവും അന്വേഷിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.

അതേസമയം, പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യവും മദ്യപാനവും വർധിച്ചുവരുന്നതായി വ്യാപാരികളും യാത്രക്കാരും പരാതിപ്പെടുന്നു. ദിവസവും വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും ഇവിടെ ഭക്ഷണ വിതരണം നടത്താറുണ്ട്. ഈ സേവനം ദുരുപയോഗം ചെയ്ത് ജോലിക്കുപോകാതെ ഭക്ഷണം കഴിക്കുകയും മദ്യപിച്ച് പ്രദേശത്ത് തമ്പടിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടുകയാണെന്നാണ് ആക്ഷേപം.

മുമ്പ് ഇത്തരം പ്രവണതകൾ നിയന്ത്രിക്കാൻ പൊലീസ് കർശന നടപടി സ്വീകരിച്ചിരുന്നുവെങ്കിലും അടുത്തകാലത്തായി വീണ്ടും സ്ഥിതി മോശമായതായി വ്യാപാരികൾ പറയുന്നു. ബസ് സ്റ്റാൻഡും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് കൂടുതൽ പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366389/A dispute occurred while drinking alcohol at the new bus stand in Thalassery; a middle-aged man from Chembilode was slashed with a blade by a Koyilandy native)